മോക്ഷത്തിലേക്കുള്ള വാതിൽ തുറക്കുന്ന ഇടമായാണ് ഹൈന്ദവ വിശ്വാസികൾക്ക് വാരണാസി. നിത്യസത്യമായ മരണത്തെ പുൽകുവാൻ കാശിയെന്നും ബനാറസെന്നും പേരുള്ള ഈ നഗരം തിരഞ്ഞെടുക്കുന്നത് ആയിരങ്ങളാണ്. മരണമെത്താനുള്ള നേരമായി എന്നു തോന്നുമ്പോൾ ജീവിതത്തിലെ കെട്ടുപാടുകളെല്ലാം മുറിച്ചെറിഞ്ഞ് കാശിക്ക് പുറപ്പെടുന്നവരും പുറപ്പെടാനൊരുങ്ങി നിൽക്കുന്നവരും ധാരാളമുണ്ട്. ഗംഗാ ആരതികൾക്കും മണിമുഴക്കങ്ങൾക്കും ഇടയിൽ ആത്മാവിനെ സ്വതന്ത്രമാക്കാൻ, മരണം മുൻകൂട്ടി കണ്ട് അതിനെ സ്വീകരിക്കുവാൻ എത്തുന്നവരെ വാരണാസിയിൽ അങ്ങോളമിങ്ങോളം കാണാം. ആസന്നമായ മരണത്തെ കാത്തു കിടക്കുവാൻ ഒരു ഹോട്ടലുള്ള കാര്യം അറിയുമോ?

മരണത്തെ ഒരു ആഘോഷമായി കാണുന്നവർ വളരെ ചുരുക്കമാണ്. എന്നാൽ വാരണാസിയിൽ നേരെ തിരിച്ചാണ് അവസ്ഥ. മരണത്തെ ഒരു വലിയ ആഘോഷമാക്കി, ജീവിച്ചിരുന്നതിലും വലിയ സന്തോഷത്തിസാണ് ഇവിടം മരിച്ചവരെ യാത്രയാക്കുന്നത്. മരണം ഒരു ആഘോഷത്തോടൊപ്പം ഒരു വ്യവസായം കൂടിയായി കഴിഞ്ഞ കുറേക്കാലമായി ഇവിടെ വളർന്നു കൊണ്ടിരിക്കുകയാണ്. മരണത്തെ പ്രതീക്ഷിച്ചിരിക്കുന്നവർക്കു മാത്രം പ്രവേശനം അനുവദിക്കുന്ന ഇടം. അതാണ് കാശിയിലെ മുക്തി ഭവൻ. വർഷം തോറും ഭാരതത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് ആളുകൾ മരണത്തെ സ്വീകരിക്കുവാനായി എത്തിച്ചേരുന്നത് ഇവിടെയാണ്‌.

മരണം അടുത്തെത്തി എന്ന തോന്നലുണ്ടാകുമ്പോളാണ് വിശ്വാസികൾ കാശിയിലേക്ക് പുറപ്പെടുന്നത്. ഇവിടുന്നു മരിച്ചാൽ മോക്ഷം ലഭിക്കുമെന്ന വിശ്വാസമാണ് മരണാസന്നരെ ഇവിടേക്ക് ആകർഷിക്കുന്നത്. എന്നാൽ രണ്ടാഴ്ച മാത്രമാണ് ഇവിടെ താമസിക്കാൻ അനുവാദം ലഭിക്കുക, അതിനുള്ളിൽ മരിച്ചില്ലെങ്കിൽ കൂടുതൽ സമയം ഇവിടെ താമസം അനുവദിക്കില്ല.മരണം കാത്തിരിക്കുന്നവർക്കും പ്രായാധിക്യത്താൽ അവശരായവർക്കുമാണ് ഇവിടെ പ്രവേശനം അനുവദിക്കുന്നത്. മാരക രോഗങ്ങളുള്ളവർക്കും ഇവിടെ താമസിക്കാം. എന്നാൽ ആരാണെങ്കിലും രണ്ടാഴ്ച മാത്രമാണ് ഇവിടെ താമസിക്കുവാൻ അനുവദിക്കുക. അതിനുള്ളിൽ മോക്ഷം ലഭിച്ചില്ലെങ്കിൽ മുക്തി ഭവനിൽ നിന്നും പുറത്ത് പോകേണ്ടി വരും.

ജീവിതത്തിനും മരണത്തിനും ഇടയിലെ കുറച്ചു ദിവസങ്ങൾ…കേൾക്കുമ്പോൾ ഒത്തിരി ബുദ്ധിമുട്ട് തോന്നുമെങ്കിലും അതാണ് സത്യം. ആസന്നമായ മരണത്തെ കാത്തിരിക്കുവാൻ, അത്രതന്നെ നിർവ്വികാരതയോടെ സ്വീകരിക്കുവാനാണ് ആളുകൾ ഇവിടെ എത്തുന്നത്. മോക്ഷമന്വേഷിച്ച് എത്തുന്നവർക്ക് അഭയം നല്കി സന്തോഷത്തോടെ മരിക്കുവാൻ അനുവദിക്കുന്ന ഇടമാണിത്.

Loading...