പ്രധാനമന്ത്രി വയ വന്ദന യോജന പദ്ധതിയില്‍ ചേരാവുന്ന കാലാവധി 2023 മാര്‍ച്ച് 31വരെ നീട്ടി. പ്രതിമാസം 10,000 രൂപ പെന്‍ഷന്‍ ഉറപ്പുനല്‍കുന്ന പദ്ധതിയില്‍ ചേരാനുള്ള കാലാവധി തീര്‍ന്ന് ഒന്നരമാസം പിന്നിട്ടിട്ടാണ് പുതിയ തീരുമാനം. 2020 മാര്‍ച്ച് 31നായിരുന്നു പദ്ധതിയില്‍ ചേരാനുള്ള അവസാനതീയ്യതി.

റിട്ടയര്‍ ചെയ്തവര്‍ക്ക്, അതായത് 60വയസ്സിന് മുകളിലുള്ളവര്‍ക്ക് നിക്ഷേപിക്കാവുന്ന ഇമ്മീഡിയറ്റ് ആന്വിറ്റി പ്ലാനാണിത്. 

എല്‍ഐസിയാണ് പദ്ധതിയുടെ നടത്തിപ്പുകാര്‍. 10വര്‍ഷത്തേയ്ക്ക് പ്രതിമാസം 10,000 രൂപവീതം ഉറപ്പായും നല്‍കുന്നതാണ് പദ്ധതി. 15 ലക്ഷം രൂപയാണ് പരമാവധി നിക്ഷേപിക്കാന്‍ കഴിയുക. നിക്ഷേപ തുകയ്ക്കനുസരിച്ച് ലഭിക്കുന്ന ആദായത്തിനും വ്യത്യാസമുണ്ടാകും.

2020-21 സാമ്പത്തിക വര്‍ഷത്തില്‍ 7.40ശതമാനം പലിശയാണ് പദ്ധതി പ്രകാരം ലഭിക്കുക. എല്ലാവര്‍ഷവും പലിശ നിരക്ക് പരിഷ്‌കരിക്കും.

  • പദ്ധതിയില്‍ ചേരാവുന്ന മിനിമം പ്രായം: 60 വയസ്സ്(പൂര്‍ത്തിയാക്കിയിരിക്കണം)
  • എത്ര വയസ്സുവരെ ചേരാം: 60വയസ്സിന് മുകളില്‍ എത്രവയസ്സുവരെയും ചേരാം.
  • പോളിസി കാലാവധി: 10 വര്‍ഷം
  • മിനിമം പെന്‍ഷന്‍: പ്രതിമാസം 1000 രൂപ
  • പരമാവധി പെന്‍ഷന്‍: പ്രതിമാസം 10,000 രൂപ
  • പ്രതിമാസം, പാദവാര്‍ഷികം, അര്‍ധവാര്‍ഷികം, വാര്‍ഷികം എന്നിങ്ങനെ പെന്‍ഷന്‍ സ്വീകരിക്കാന്‍ അവസരമുണ്ട്. 

എങ്ങനെ ചേരാം
എല്‍ഐസി വഴി ഓണ്‍ലൈനായോ ഓഫ്‌ലൈനായോ പദ്ധതിയില്‍ ചേരാം. ഓഫ് ലൈനായി ചേരാന്‍ നിങ്ങളുടെ അടുത്തുള്ള എല്‍ഐസി ശാഖയെ സമീപിക്കുക. ഓണ്‍ലൈനായാണെങ്കില്‍ എല്‍ഐസിയുടെ വെബ്‌സൈറ്റായ  www.licindia.in ലോഗിന്‍ ചെയ്ത് നിക്ഷേപിക്കുക.

പദ്ധതിയില്‍നിന്നുള്ള മറ്റ് നേട്ടങ്ങള്‍

  • 10 വര്‍ഷം കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ അവസാനത്തെ പെന്‍ഷനോടൊപ്പം നിക്ഷേപ തുക തിരിച്ചുതരും.
  • പെന്‍ഷന്‍ വാങ്ങുന്നയാള്‍ മരിച്ചാല്‍ നിക്ഷേപിച്ചതുക നോമിനിക്ക് തിരിച്ചുനല്‍കും.
  • പോളസിയെടുത്ത് മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയാല്‍ വായ്പയെടുക്കാന്‍ അവസരമുണ്ട്. ആന്വിറ്റി വാങ്ങാന്‍ നിങ്ങള്‍ നിക്ഷേപിച്ചതുകയുടെ 75 ശതമാനമാണ് വായ്പയായി അനുവദിക്കുക. 

ശ്രദ്ധിക്കാന്‍
എല്‍ഐസിയുടെ ഈ പെന്‍ഷന്‍ സ്‌കീമില്‍ നിക്ഷേപിച്ചാല്‍ 80സി പ്രകാരമുള്ള നികുതി ആനുകൂല്യം ലഭിക്കില്ല. പദ്ധതിയില്‍നിന്ന് ലഭിക്കുന്ന പെന്‍ഷന് ആദായനികുതി ബാധ്യതയുണ്ട്. എന്നാല്‍ പോളിസിയിലെ നിക്ഷേപതുകയെ ജിഎസ്ടിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഇടയ്ക്ക് വെച്ച് പിന്‍വലിക്കാമോ?
നിക്ഷേപതുക ഉപാധികള്‍ക്കുവിധേയമായി കാലാവധി പൂര്‍ത്തിയാക്കുംമുമ്പ് പിന്‍വലിക്കാന്‍ അനുവദിക്കും. പെന്‍ഷന്‍ വാങ്ങുന്നയാള്‍ക്കോ പങ്കാളിക്കോ ഗുരതരമായ രോഗംവരികയാണെങ്കിലാണ് നിക്ഷേപം പിന്‍വലിക്കാന്‍ കഴിയുക. ആന്വിറ്റിക്കായി നിക്ഷേപിച്ച തുകയുടെ 98 ശതമാനമാണ് സറണ്ടര്‍ വാല്യുവായി ലഭിക്കുക. 

Loading...