ന്യൂഡൽഹി: അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ വാക്സിനാണ് നോട്ട് അസാധുവാക്കലെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. സാവധാനമേ അതിന്റെ ഫലം പ്രതിഫലിച്ചു തുടങ്ങുകയുള്ളൂ. പണമിടപാടുകൾ കുറയുമ്പോൾ അഴിമതിയും കുറയും. നോട്ട് അസാധുവാക്കലിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ എല്ലാ പ്രതിഷേധങ്ങളും പരാജയപ്പെട്ടു. പത്തു വർഷം ഇന്ത്യ ഭരിച്ച കോൺഗ്രസ് കള്ളപ്പണം വർധിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം. പ്രധാനമന്ത്രിയുടെ പുതുവർഷ സന്ദേശം ജനങ്ങളുടെ വേദന തുടച്ചുനീക്കുമെന്നും വെങ്കയ്യ പറഞ്ഞു.

അച്ചടിച്ച 500, 1000 നോട്ടുകളെല്ലാം ബാങ്കിലെത്തിയെന്നതാണ് നോട്ട് അസാധുവാക്കലിന്റെ പ്രധാന നേട്ടം. സൂക്ഷ്മ പരിശോധനയ്ക്കു ശേഷമേ ബാങ്കിലെത്തിയ പണം കള്ളപ്പണമാണോയെന്ന് തിരിച്ചറിയാൻ സാധിക്കൂ. 50 ദിവസങ്ങൾ ഒരവസാനമല്ല, തുടക്കം മാത്രമാണ്. ഇനിമുതൽ സത്യസന്ധരായവരുടെ ബുദ്ധിമുട്ടുകൾ കുറയുകയും അഴിമതിക്കാരുടെ പ്രശ്നങ്ങൾ വർധിക്കുകയും ചെയ്യും. കറപ്ഷൻ എന്ന ‘സി’യെ രക്ഷിക്കാൻ മറ്റു നാലു ‘സി’കളെ (കോൺഗ്രസ്, കമ്യൂണിസ്റ്റ്, കമ്യൂണൽ, കാസിസ്റ്റ്) ഒന്നിച്ചുകൊണ്ടുവരാൻ നോട്ട് അസാധുവാക്കലിനു സാധിച്ചു. ചിലർ നോട്ട് പിൻവലിക്കലിനെ തകർക്കാൻ ശ്രമിക്കുകയാണ്. എന്നാൽ പ്രധാനമന്ത്രി ദൃഢനിശ്ചയത്തിലാണെന്നും വെങ്കയ്യ പറഞ്ഞു.

അതേസമയം, നോട്ട് അസാധുവാക്കലിന്റെ ആഘാതത്തിൽനിന്നു രക്ഷപെടാൻ ഇനിയും മാസങ്ങൾ വേണ്ടിവരുമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിൻ പറഞ്ഞു. പ്രധാനമന്ത്രി ആവശ്യപ്പെട്ട 50 ദിവസത്തെ കാലാവധി അവസാനിച്ചു. സമ്പദ്‌വ്യവസ്ഥ ആകെ കുഴഞ്ഞുമറിഞ്ഞു കിടക്കുകയാണ്. മോദിക്ക് രാജിവയ്ക്കാൻ ഏറ്റവും അനുയോജ്യമായ ദിവസമാണ് നാളെ. പ്രധാനമന്ത്രി ഉറപ്പായും രാജിവയ്ക്കണം – ഡെറിക് ആവശ്യപ്പെട്ടു.

നോട്ട് അസാധുവാക്കൽ പ്രതീക്ഷിച്ചതുപോലെ വിജയിച്ചില്ല. സാമ്പത്തിക സ്ഥിതി മുഴുവനായും തകർത്തു. പാർലമെന്റിനെയും മന്ത്രിസഭയെയും പ്രധാനമന്ത്രി തള്ളിക്കളഞ്ഞു. കള്ളപ്പണം തിരിച്ചെത്തിക്കുന്നതിനോ ഭാവി തലമുറയ്ക്കായോ യാതൊന്നും ചെയ്തിട്ടില്ല. നോട്ട് അസാധുവാക്കൽ ഒരു തെറ്റായ തീരുമാനമായിരുന്നു. ബിജെപിയുടെ 150 എംപിമാർ നോട്ട് അസാധുവാക്കലിനു പിന്തുണ നൽകിയിട്ടില്ലെന്നും ഡെറിക് പറഞ്ഞു.

Loading...