മലയാളത്തിന്റെ കുരുന്നുകൾ ഇന്ന് ആദ്യാക്ഷരം നുകർന്ന് അറിവിന്റെ മുറ്റത്തേക്ക്. വിജയദശമി ദിനത്തിലെ വിദ്യാരംഭച്ചടങ്ങുകൾക്ക് ക്ഷേത്രങ്ങളെല്ലാം ഒരുങ്ങിക്കഴി‍ഞ്ഞു. നാവിൽ സ്വർണമോതിരംകൊണ്ടും അരിയിൽ ചൂണ്ടുവിരൽകൊണ്ടും ഹരിശ്രീ ഗണപതയേ നമഃ എഴുതി കുട്ടികൾ അറിവിന്റെ ലോകത്തേക്ക് പിച്ചവയ്ക്കും.

ഒന്‍പതു രാത്രിയും ഒരു പകലുമടങ്ങുന്ന ഉത്സവകാലമാണ്‌ നവരാത്രിയും വിജയദശമിയും. കന്നിമാസത്തിലെ ശുക്ലപക്ഷത്തില്‍ പ്രഥമ മുതല്‍ നവമിവരെയുള്ള രാത്രികാലങ്ങളില്‍ ആഘോഷിക്കുന്നതുകൊണ്ട്‌ ഇതിനെ നവരാത്രി എന്നു പറയുന്നു. ദുര്‍ഗാദേവി മഹിഷാസുരനെ വധിച്ച്‌ വിജയംവരിച്ച ദിനമാണ്‌ വിജയദശമി. അതിനാല്‍ ജീവിതവിജയത്തിനുപകരിക്കുന്ന സകലകലകളുടെയും അഭ്യാസത്തുടക്കത്തിനു പറ്റിയ ഒരു സന്ദര്‍ഭമായി ഇതിനെ പരിഗണിച്ചുപോരുന്നു.

ദുര്‍ഗാദേവിയുടെ രൂപാന്തരമാണല്ലോ സരസ്വതി. കൈയില്‍ മണിവീണയും ഗ്രന്ഥക്കെട്ടുമായി ശ്വേതവാരിജത്തില്‍ വിരാജിക്കുന്ന വിദ്യാദേവതയായ വാണിദേവിയുടെ പൂജയാണ്‌ ചടങ്ങിനാധാരം. ദുര്‍ഗാദേവി മഹിഷാസുരനെ വധിച്ച്‌ വിദ്യയുടെ ആവിര്‍ഭാവത്തോടുകൂടി അജ്‌ഞാനാന്ധകാരം നശിപ്പിച്ച്‌ വാഴ്‌വില്‍ സമൃദ്ധിയുടെ വിളക്ക്‌ തെളിച്ചെന്നാണ്‌ വിശ്വാസം. അതിനാല്‍ തിന്‍മയ്‌ക്കുമേല്‍ നന്‍മയുടെ പ്രഭാവം വിടര്‍ന്ന ദേവിയുടെ വിജയദിനം ദശമിനാളിലായതിനാല്‍ വിജയദശമിയായി കൊണ്ടാടുന്നു.

ആയുധങ്ങളും പുസ്‌തകങ്ങളും തൂലികയും സംഗീതോപകരണങ്ങളും എന്നു തുടങ്ങി ഓരോരുത്തരുടെയും ഉപജീവനമാര്‍ഗവുമായി ബന്ധമുള്ള ഉപകരണങ്ങള്‍ ദേവിയുടെ സമക്ഷം സമര്‍പ്പിച്ച്‌ പൂജിച്ചശേഷം വിജയദശമിദിവസം ശുഭമുഹൂര്‍ത്തത്തില്‍ അവ തിരികെയെടുക്കുന്നു.

വിദ്യാരംഭത്തില്‍ ഏറെ പ്രചാരം കുരുന്നുകളെ എഴുത്തിനിരുത്താണ്‌. കസവുനേര്യത്‌ ഉടുത്ത്‌ പരിഭ്രമത്തോടെ ആചാര്യന്‍മാരുടെ മടിയിലിരുത്തുന്ന കുരുന്നിന്‌ വിരല്‍പിടിച്ച്‌ ഉണക്കലരിയിലോ മണലിലോ ഹരിശ്രീ ഗണപതായെ നമഃ എന്നെഴുതിക്കുന്നു. കുഞ്ഞുനാവില്‍ പൊന്നുരച്ച്‌ തേച്ച്‌ നല്ലതുരുചിക്കാനുള്ള പ്രചോദനം പകരുന്നു. ഒടുവില്‍ വിദ്യയുടെ വിഹായസിലേറി വിജയം വരിക്കട്ടേയെന്ന്‌ ആചാര്യന്‍ നെറുകില്‍ തൊട്ട്‌ അനുഗ്രഹിക്കുന്നതോടെ എഴുത്തിനിരുത്തല്‍ ചടങ്ങ്‌ പൂര്‍ത്തിയാകും

ഭാരതം മുഴുവന്‍ കൊണ്ടാടുന്ന ഈ വിശേഷോത്സവം കേരളത്തില്‍ വഞ്ചിരാജാക്കന്‍മാരുടെ മേല്‍നോട്ടത്തിലാണ്‌ നടന്നുവന്നത്‌. എന്നാല്‍, തിരുവനന്തപുരത്ത്‌ നവരാത്രി പൂജാ ആഘോഷങ്ങള്‍ക്ക്‌ കൂടുതല്‍ മേന്മ പകര്‍ന്നത്‌ സ്വാതി തിരുനാളിന്റെ ഭരണകാലത്താണ്‌.

നവരാത്രി വിഗ്രഹങ്ങള്‍ എഴുന്നള്ളിച്ചെത്തിയാല്‍ തിരുവനന്തപുരം സംഗീത പാല്‍ക്കടലാകും. പത്മനാഭപുരം കൊട്ടാരത്തിലെ സരസ്വതിദേവീ, വേളിമല കുമാരകോവിലിലെ കുമാരസ്വാമി, ശുചീന്ദ്രത്തിലെ മുന്നൂറ്റിനങ്ക എന്നീ ദേവീവിഗ്രഹങ്ങള്‍ക്കാണ്‌ അനന്തപുരി ആതിഥ്യമരുളുന്നത്‌. പത്തുദിവസത്തെ ആഘോഷങ്ങള്‍ക്കുശേഷം നവരാത്രി വിഗ്രഹങ്ങള്‍ മടങ്ങുന്നതോടെ തിരുവനന്തപുരത്തെ സംഗീതോത്സവത്തിന്‌ വിരാമമാകും.

Loading...