തൃശൂര്‍ അടാട്ട് സര്‍വ്വീസ് സഹകരണ ബാങ്ക് സാമ്പത്തിക ക്രമക്കേടില്‍ വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കരയ്ക്കും ബാങ്ക് മുന്‍ പ്രസിഡന്റ് എംബി രാജേന്ദ്രനുമെതിരെ വിജിലന്‍സ് അന്വേഷണം. മുഖ്യമന്ത്രി പിണറായി വിജയനാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. എംവി രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഭരണസമിതി സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. ഭരണസമിതി പിരിച്ചു വിട്ടതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്‌ എംഎല്‍എ അനില്‍ അക്കരെ നിരാഹാരം കിടന്നിരുന്നു.

ബാങ്കില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് സഹകരണ രജിസ്റ്റാറിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. മുന്‍മന്ത്രി സിഎന്‍ ബാലകൃഷ്ണന്റെ മരുമകനാണ് അടാട്ട് സഹകരണ ബാങ്കിന്റെ പിരിച്ചുവിട്ട ഭരണസമിതിയിലെ പ്രസിഡന്റായിരുന്ന എംവി രാജേന്ദ്രന്‍. അകാരണമായി ഭരണസമിതി പിരിച്ചുവിട്ടുവെന്ന് ആരോപിച്ച്‌ അനില്‍ അക്കര നടത്തിയ നിരാഹാര സമരത്തെ അഭിസംബോധന ചെയ്യാന്‍ ഉമ്മന്‍ചാണ്ടിയടക്കം കോണ്‍ഗ്രസ് നേതാക്കള്‍ തൃശൂരിലെത്തിയിരുന്നു.

അടാട്ട് ബാങ്കിൽ വൻതോതിൽ സാമ്പത്തിക ക്രമക്കേടും, തിരിമറികളും നടന്നുവെന്ന സഹകരണ വകുപ്പ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കാൻ വിജിലൻസിന് മുഖ്യമന്ത്രി ഉത്തരവ് നൽകിയത്. സംഘത്തിന്റെ അംഗത്വ രജിസ്റ്ററിലും അനുബന്ധരേഖകളിലും കൃത്രിമം നടത്തുക, അര്‍ഹതയില്ലാത്തവര്‍ക്ക് വലിയ സംഖ്യ വായ്പ അനുവദിച്ചു നല്‍കുക, ബാധ്യതാ രജിസ്റ്ററില്‍ ക്രമക്കേടുകള്‍ നടത്തുക, കൃത്രിമരേഖകള്‍ ഉണ്ടാക്കുക തുടങ്ങി നിരവധി കാര്യങ്ങള്‍ അന്വേഷണത്തില്‍ തെളിഞ്ഞതായാണ് ജോയിന്റ് രജിസ്ട്രാര്‍ റിപ്പോർട്ട് നൽകിയത്. കൂടുതല്‍ അന്വേഷണത്തിന്റെ ആവശ്യകത ഉണ്ടെന്നും ആയത് സംബന്ധിച്ച് രേഖകള്‍ ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മാനേജിംഗ് ഡയറക്ടറോട് നിര്‍ദ്ദേശിച്ചുവെങ്കിലും അപ്രകാരമുള്ള യാതൊരുവിധ രേഖകളും സംഘത്തില്‍ സൂക്ഷിച്ചു വരുന്നില്ല എന്ന് രേഖാമൂലം മാനേജിംഗ് ഡയറക്ടര്‍ എഴുതി നല്‍കുകയുണ്ടായതായി ജോയിന്റ് രജിസ്ട്രാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അനര്‍ഹര്‍ക്ക് കൃത്രിമ മാര്‍ഗ്ഗങ്ങളിലൂടെ അംഗത്വം നല്‍കി വായ്പയും മറ്റാനുകൂല്യങ്ങളും നല്‍കിയതുവഴി സംഘത്തിന് 31.75 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കിയിട്ടുണ്ട്. നെല്ല്, അടയ്ക്ക സംഭരണത്തിലും വില്പനയിലും വായ്പ നല്‍കിയതിലും വലിയ തോതില്‍ ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നതായും റിപ്പോർട്ടിൽ പറയുന്നു. സംഘത്തിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങളാണ് പ്രസിഡന്റും ഭരണസമിതി അംഗങ്ങളും നടത്തിയിട്ടുള്ളത്. സംഘത്തിന്റെ പ്രസിഡന്റ് എം.വി.രാജേന്ദ്രന്‍ അദ്ദേഹം തന്നെ ചെയര്‍മാനായ ഒരു സ്വകാര്യ കമ്പനിക്ക് 15 കോടി രൂപ യാതൊരുവിധ നിയമ പിന്‍ബലമില്ലാതെയും തിരിച്ചുപിടിക്കത്തക്ക ജാമ്യവസ്തുക്കളില്ലാതെയും വായ്പ അനുവദിച്ചത് വിജിലൻസ് അന്വേഷിക്കും. മാവേലിക്കര താലൂക്ക് സര്‍വ്വീസ് സഹകരണ ബാങ്ക്, തൃശ്ശൂര്‍ ജില്ലയിലെ തന്നെ പുത്തൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് എന്നിവിടങ്ങളിൽ നടന്നതിന് സമാനമായ തട്ടിപ്പ് അടാട്ടും നടന്നെന്നാണ് പരാതി.

Loading...