മാത്യൂ മാഞ്ഞൂരാന്‍ (മോഹന്‍ലാല്‍) എന്ന സത്യസന്ധനായ പോലീസ് ഓഫീസറിലൂടെയാണ് വില്ലന്റെ കഥ പറഞ്ഞു പോകുന്നത്. ഒരു അപകടത്തില്‍ ഭാര്യയും മകളും നഷ്ടപ്പെട്ട മാത്യൂ ജോലിയില്‍ നിന്ന് ഒഴിയാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ നടക്കുന്ന മൂന്ന് കൊലപാതങ്ങളും പിന്നീട് അത് കൊണ്ടുച്ചെന്നെത്തിക്കുന്ന ചില പ്രതികാരങ്ങളുടെ തീ ചൂളയിലേക്കുമാണ് വില്ലന്റെ യാത്ര.

കൊലപാതകിയെ തേടിയുളള യാത്രയില്‍ അയാള്‍ തിരിച്ചറിയുന്ന ചില രഹസ്യങ്ങളും ചെറിയ സസ്‌പെന്‍സുകളുമായി രണ്ടര മണിക്കൂര്‍ വില്ലന്‍ ഇമോഷണല്‍ ത്രില്ലറായി നിറഞ്ഞാടുകയാണ്. ആദ്യ പകുതിയില്‍ മോഹന്‍ലാലിന്റെയും വിശാലിന്റെയും മനോഹരമായ ഇന്‍ട്രോ മാത്രമാണ് എടുത്തു പറയാനുളളത്. ഇടവേളയ്ക്ക ശേഷം വില്ലന്‍ വലിച്ചു നീട്ടി പ്രേക്ഷകരുടെ ക്ഷമ പരമാവധി പരീക്ഷിച്ച് അവസാനിക്കുന്നു.

ഇന്ത്യയില്‍ ആദ്യമായി 8കെ റെസല്യൂഷനില്‍ ഒരുക്കിയ ചിത്രം എന്ന പ്രത്യേകത മാത്രമായിരുന്നില്ല വില്ലനെന്ന ചിത്രത്തെ കുറിച്ച് പ്രതീക്ഷ വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കിയത്. പുലിമുരുകന് ശേഷം മലയാളത്തില്‍ ഇറങ്ങുന്ന മോഹന്‍ലാലിന്റെ രണ്ടാമത്തെ ബിഗ് ബഡ്ജറ്റ് ചിത്രം എന്ന വിശേഷണം കൂടി ആയപ്പോള്‍ ആവേശവും അമിത പ്രതീക്ഷയും കൂടി. എന്നാല്‍ സ്‌ക്രീനില്‍ കണ്ടത് മുരുകനെ പോലെ വേട്ടയാടുന്ന മാസ്സ് ഡയലോഗ് പറയുന്ന മോഹന്‍ലാലിനെ അല്ല മറിച്ച് ഒഴുക്കന്‍ സംഭാക്ഷണ ശൈലിയുളള ശത്രുകളെ ഇമോഷണലായി വേട്ടയാടുന്ന മാത്യൂവിനെയാണ്‌.

മാത്യൂ മാഞ്ഞൂരാന്‍ എന്ന പോലീസ് ഓഫീസറായി മോഹന്‍ലാല്‍ അഭിനയത്തിന്റെ എല്ലാ ഭാവങ്ങളും വാരി വിതറി. ഭാര്യയായി എത്തിയ മഞ്ജുവും വില്ലനായി എത്തിയ വിശാലും ഹന്‍സികയും അവരുടെ വേഷങ്ങള്‍ ഗംഭീരമാക്കി. സിദ്ധീഖും ചെമ്പന്‍ വിനോദും അജു വര്‍ഗീസും തുടങ്ങി നീണ്ട നിര തന്നെ സിനിമയില്‍ ഉണ്ട്. ചില കഥാപാത്രങ്ങള്‍ പേരിന് മാത്രം എന്നു ചിലര്‍ക്കെങ്കിലും തോന്നിയേക്കാം. ബി. ഉണ്ണികൃഷ്ണന്റെ സംവിധാന മികവ് ചിത്രത്തില്‍ ഉടനീളം പ്രകടമാണ്. പക്ഷേ തിരക്കഥയിലെ കല്ലുകടി ഇഴച്ചില്‍ സമ്മാനിക്കുന്നു. ഉണ്ണികൃഷ്ണന്റെ മുന്‍കാല ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒന്നും തന്നെ ചിത്രത്തില്‍ കൊണ്ടുവരാന്‍ കഴിയാത്തത് ഒരു പോരായ്മയാണ്. ചിത്രത്തില്‍ മൂന്നു പാട്ടുകളാണ് ഉളളത്. മൂന്നു സംഘടന രംഗങ്ങളും. പീറ്റര്‍ ഹെയ്‌നും സില്‍വയും ഒരുക്കിയ സ്റ്റണ്ടുകള്‍ പ്രേക്ഷകരെ പിടിച്ചിരുത്തും. പ്രതീക്ഷകള്‍ ഇല്ലാതെ പോയാല്‍ ചുമ്മാ കണ്ടിരിക്കാവുന്ന ചിത്രമാണ് വില്ലന്‍.

Loading...