വാട്ട്സ്ആപ്പ് ഇന്ത്യന്‍ ബാങ്കുകളുമായി കൈകോര്‍ക്കുന്നു . ബാങ്കിംഗ് സേവനങ്ങള്‍ ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് ഈ പദ്ധതി . ഇത് കൂടാതെ ഇന്‍ഷുറന്‍സും പെന്‍ഷനും ഉള്‍പ്പെടെയുള്ള സാമ്പത്തിക സേവനങ്ങള്‍ കുറഞ്ഞ വേതനമുള്ള തൊഴിലാളികള്‍ക്ക് ലഭ്യമാക്കാനും വാട്സ്ആപ്പിന് പദ്ധതിയുണ്ട്. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയുള്‍പ്പെടെയുള്ള ബാങ്കുകളുമായാണ് വാട്‌സാപ്പിന്റെ പങ്കാളിത്തം.

ബാങ്കിങ് സേവനങ്ങള്‍ ലളിതമാക്കുന്നതിനും വിപൂലീകരിക്കുന്നതിനും സഹായിക്കുന്നതിനായി വരുന്നവര്‍ഷത്തില്‍ കൂടുതല്‍ ബാങ്കുകളുമായി പങ്കാളിത്തം ആഗ്രഹിക്കുന്നതായി വാട്‌സാപ്പ് ഇന്ത്യ മേധാവി അഭിജിത് ബോസ് പറഞ്ഞു. റിസര്‍വ് ബാങ്ക് ഉയര്‍ത്തിക്കാണിച്ച അടിസ്ഥാന ധനകരായ് സേവനങ്ങളെത്തിക്കാനും പങ്കാളികളുമായി സഹകരിച്ച് പരീക്ഷണങ്ങള്‍ വിപുലീകരിക്കാനും ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ബാങ്കുകളുമായുള്ള സഹകരണത്തിലൂടെ ഉപഭോക്താക്കളെ ഓട്ടോമേറ്റഡ് ടെക്സ്റ്റുകള്‍ വഴി ബാങ്കുകളുമായി ആശയവിനിമയം നടത്താന്‍ സൗകര്യമൊരുക്കും. ഉപയോക്താക്കള്‍ക്ക് അവരുടെ ബാങ്കുകളില്‍ അവരുടെ വാട്ട്സ്ആപ്പ് നമ്പറുകള്‍ രജിസ്റ്റര്‍ ചെയ്യാനും വാട്‌സാപ്പ് വഴി അവരുടെ ബാലന്‍സ്, കിഴിവുകള്‍ എന്നിവയും മറ്റ് വിവരങ്ങളും പരിശോധിക്കാനും കഴിയും.

മൈക്രോ ക്രെഡിറ്റ്, പെന്‍ഷനുകള്‍, ഇന്‍ഷുറന്‍സ് എന്നിവയുള്‍പ്പെടെയുള്ള ധനകാര്യ സേവനങ്ങള്‍ ഗ്രാമപ്രദേശങ്ങളിലെ കുറഞ്ഞ വേതന തൊഴിലാളികള്‍ക്ക് ലഭ്യമാക്കാനും വാട്സ്ആപ്പ് പദ്ധതിയിടുന്നു. ഇന്‍ഷുറന്‍സ്, മൈക്രോ ക്രെഡിറ്റ്, പെന്‍ഷനുകള്‍ എന്നിങ്ങനെ മൂന്ന് ഉല്‍പ്പന്നങ്ങള്‍ എളുപ്പത്തില്‍ ലഭിക്കുമെന്നും ”ബോസ് പറഞ്ഞു.

യുപിഐ അടിസ്ഥാനമാക്കിയുള്ള വാട്‌സാപ്പിന്റെ പണമിടപാട് സേവമായ വാട്‌സാപ്പ് പേമെന്റ് അധികൃതരുടെ അംഗീകാരം ലഭിക്കാത്തതിനെ തുടര്‍ന്ന് രാജ്യവ്യാപകമായി ലഭ്യമാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. എന്നാല്‍ തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് വാട്‌സാപ്പ് പേമെന്റ് ലഭിക്കുന്നുണ്ട്. അതേസമയം പേയ്മെന്റ് സേവനങ്ങള്‍ ഘട്ടംഘട്ടമായി ആരംഭിക്കാന്‍ നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) വാട്ട്സ്ആപ്പിന് അനുമതി നല്‍കിയതായി നിരവധി റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു.

Loading...