Subscribe to MalayalamNewspress:

Jayan Kodungallur

കല്ലില്‍നിന്നും ഇലയിലേക്കും ഓലയിലേക്കും പിന്നെ കടലാസിലേക്കും തീര്‍ത്ഥാടനം ചെയ്ത് ഇപ്പോള്‍ ‘ഇ’ ലോകത്തെ ശ്രീലകത്തെത്തിയിരിക്കുകയാണ് അക്ഷര പുണ്യം. ഇന്ന് ലോകവായനാദിനം ‘അക്ഷരം പുണ്യമാണ്, അക്ഷരം ബ്രഹ്മമാണ് ഈശ്വരനാണ്, അക്ഷരം അറിവാണ്, അക്ഷരങ്ങളെയാണ് പൂജിക്കേണ്ടത്’ ഇങ്ങനെയെല്ലാമാണ് ധര്‍മ്മ ശാസ്ത്രങ്ങള്‍ പറഞ്ഞു തരുന്നത്. അക്ഷരങ്ങളെ കൂട്ടിവായിക്കുന്നതാണല്ലോ വായന. പല അക്ഷരങ്ങള്‍ കൂടുമ്പോള്‍ ഒരു വാക്കായി. വാക്ക് അര്‍ത്ഥസൂചകമായി. അര്‍ത്ഥസൂചകങ്ങള്‍ ആശയമായി.സമൂഹത്തിലേക്ക്

വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും, വായിച്ചാല്‍ വിളയും,വായിച്ചില്ലെങ്കില്‍ വളയും- കുഞ്ഞുണ്ണി മാഷിന്‍റെ അര്‍ത്ഥപൂര്‍ണമായ വരികള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. വായിച്ചില്ലേലും ശരീരം വളരും. മനസും ബുദ്ധിയും വളരണമെങ്കില്‍ വായിച്ചേ തീരു എന്നാണ് മാഷ് പറഞ്ഞത്. ‘വായിക്കാത്തവനെ വിശ്വസിക്കരുത്’ എന്നാണ് ഗ്രീക്ക് പഴമൊഴി. ഒരു പുസ്തകമെങ്കിലും കൈയിലില്ലാത്തയാളെ ഒരിക്കലും വിശ്വസിക്കരുതെന്ന് ലെമനിസ്‌നിക്കറ്റ് ഉപദേശിക്കുന്നു. ഇങ്ങനെയെല്ലാം പറയുന്നതിന്റെ പൊരുളെന്താണ്? വായനയുടെ വിസ്മയകരമായ പ്രതിപ്രവര്‍ത്തനങ്ങളേയും മഹത്തായ ഗുണങ്ങളേയും മനസിലാക്കിത്തരികയാണ് അവതാര പുരുഷന്മാര്‍.

Loading...

പുസ്തകങ്ങളെ ജീവിത സ്പന്ദനങ്ങളായി കാണുന്ന ഒരു തലമുറ നമുക്കുണ്ടായിരുന്നു. അക്ഷരങ്ങളിലൂടെ ഒരു സമൂഹത്തിന്‍റെ ചലനങ്ങളെ നിരീക്ഷണ വിധേയമാക്കുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. ലോകജനതയെ മാറ്റിമറിക്കുകയും, അവര്‍ക്ക് ശരിയായ ദിശാബോധം നല്‍കുകയും ചെയ്ത അനേകം വ്യക്തിത്വങ്ങള്‍ക്ക് ആവേശം നല്‍കിയ ഒരു ചാലകശക്തിയാണ് വായന. ജീവിതത്തിന്‍റെ ഭൂരിഭാഗം സമയവും, വായനക്കും എഴുത്തിനുമായി നീക്കിവെച്ചിരുന്ന മുന്‍തലമുറയുടെ പാരന്പര്യം ഇന്ന് നമുക്ക് അവകാശപ്പെടാം.

ഇന്ന് കാലം മാറി. പുസ്തകങ്ങളുടെ പ്രാധാന്യം കുറഞ്ഞു. വായന മെല്ലെ മെല്ലെ അപ്രത്യക്ഷമാകാന്‍ തുടങ്ങി. തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ ആര്‍ക്കും ഒന്നിനും സമയമില്ലാതായി. കൈയ്യില്‍ കിട്ടുന്നത് എന്തും വായിച്ചെടുക്കുന്ന പരന്ന വായന എന്ന പ്രക്രിയ ഇന്ന് അധികം എവിടെയും കാണാനില്ല. വായനശാലകള്‍ പലതും ആളില്ലാ കേന്ദ്രങ്ങളായി മാറി. വായനശാലകളിലെ അലമാരകളില്‍ പുസ്തകങ്ങള്‍ വായനക്കാരന്‍റെ കാലൊച്ചയും കാത്തിരിക്കേണ്ട അവസ്ഥ. പുതിയ തലമുറയുടെ പുതിയ പ്രവണതയാണ് വായനയുടെ അനിശ്ചിതത്വത്തിന് തുടക്കമിട്ടത്. മൊബൈല്‍ഫോണുകളിലെ അത്യാധുനിക സാങ്കേതിക വിദ്യയും മേശപ്പുറത്തെ കന്പ്യൂട്ടറുകളിലെ പുതിയ ടെക്നിക്കുകളും കൂടപ്പിറപ്പിനെപ്പോലെ സഹയാത്രികനായി കൊണ്ടുനടക്കുന്ന ലാപ്ടോപുകളിലെയും മൊബൈല്‍ ഫോണിലെയും സൌകര്യവും മറ്റെന്തും കാണാന്‍ പറ്റാത്ത പ്രവണതയിലേക്ക് ഈ തലമുറയെ കൊണ്ടെത്തിച്ചു.ചുറ്റും നടക്കുന്ന സംഭവങ്ങളില്‍ പോലും പ്രതികരണശേഷി ഉണ്ടാകാത്ത ഇന്നത്തെ തലമുറയുടെ അനക്കമില്ലായ്മ പുസ്തകങ്ങളുടെ മുന്നോട്ടേക്കുള്ള യാത്രയില്‍ തടസ്സമായി. അറിഞ്ഞോ അറിയാതെയോ നാം പുസ്തകങ്ങളെ കണ്ടില്ലെന്ന് നടിക്കുന്പോള്‍ ഒരു ചോദ്യം ഉയര്‍ന്നുവരുന്നത് ആരും ശ്രദ്ധിക്കുന്നുണ്ടാവില്ല, സമൂഹത്തിന്‍റെ യാത്ര എങ്ങോട്ട്?

ഒരു നാടിന്‍റെ, ജനതയുടെ സംസ്കാരത്തെയും ചരിത്രത്തെയും അടയാളപ്പെടുത്താന്‍ മുഖ്യചാലകശക്തിയായി പ്രവര്‍ത്തിക്കേണ്ട പുസ്തകങ്ങള്‍ ഇന്ന് പലയിടത്തും നിറം പിടിപ്പിച്ച അലമാരകളില്‍ കിടന്നുറങ്ങുകയാണ്. സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടെത്തിക്കേണ്ട പുസ്തകങ്ങള്‍ക്ക് അവയുടെ മുഖ്യ ഉത്തരവാദിത്വം ഏറ്റെടുത്ത് നടത്താന്‍ സാഹചര്യം ഇല്ലാത്ത അവസ്ഥയായി. പുതിയ തലമുറയുടെ അക്ഷര വിരോധം ചര്‍ച്ചാ വിഷയമാക്കണം. വലിയ അപകടത്തിലേക്കാണ് ഈ മാറ്റം കൊണ്ടെത്തിക്കുകയെന്ന തിരിച്ചറിവ് തീര്‍ച്ചയായും ഉണ്ടാകണം. ചുറ്റും നടക്കുന്ന സംഭവങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നത് ഒളിച്ചോട്ടത്തിന്‍റെ ലക്ഷണമാണ്. അഥവാ കണ്ടാലും അതിനെതിരെ മുഖം രിഞ്ഞിരിക്കുന്നത്, തന്‍റെ സമൂഹത്തോടുള്ള ഉത്തരവാദിത്വമില്ലായ്മയാണ് കാണിക്കുന്നത്.

ഒരു ഗ്രാമത്തിലെ അറിയപ്പെടുന്ന വായനശാലയില്‍ പുസ്തകം തേടിയെത്തുന്നവരുടെ എണ്ണം പരിശോധിച്ചപ്പോഴാണ് വായന എത്രമാത്രം അന്യമായി പോയെന്ന സത്യം മനസ്സിലാകുന്നത്.
അവിടത്തെ വരിക്കാരില്‍ ഭൂരിഭാഗവും അന്പത് വയസിന് മുകളില്‍ ആണെന്നതും കൌതുകകരമാണ്. ഒരു നാടിനെ നയിക്കേണ്ട പുതിയ തലമുറ എവിടെയാണ് നില്‍ക്കുന്നത് എന്ന ചോദ്യം പ്രസക്തമാകുന്നു. ക്രിക്കറ്റിന്‍റെയും ടി.വി ചാനലുകളുടെയും പിറകെ പോകുന്ന പുതിയ തലമുറ ഉത്തരവാദിത്വങ്ങള്‍ മറന്നുപോകുന്നു.

തിരിച്ചറിവിന്‍റെ രേഖയാണ് വായന. അനുഭവങ്ങളും പ്രായോഗികതയും തിരിച്ചറിഞ്ഞ് സമൂഹത്തിന്‍റെ ഭാഗമായി നില്‍ക്കേണ്ട ഈ വിഭാഗം മറന്നുപോകുന്നത് പ്രതിബദ്ധതയാണ്. വായനശാലകള്‍ സമൂഹത്തിന്‍റെ പ്രതിബദ്ധതയെ സംരക്ഷിച്ചു നിര്‍ത്തുന്ന ചാലക ശക്തിയുടെ അടയാളമാണ്. പുസ്തകങ്ങള്‍ തേടിയെത്തുന്ന ഓരോരുത്തരുടെയും വികാരമാകുകയാണ് വായനശാലകള്‍. വായനശാലകള്‍ ആളനക്കമുള്ള സജീവതയുള്ള അക്ഷര സിരാകേന്ദ്രങ്ങളായി മാറണം.ഓരോ പുസ്തകദിനവും നമുക്ക് തരുന്ന സന്ദേശമുണ്ട്.

എന്തും ഏതും വായിക്കുക എന്നത് വായനക്കാരന്‍റെ അവകാശം തന്നെയാണ്. അതില്‍ നിന്ന് നല്ലതിനെ സ്വാംശീകരിച്ചെടുക്കുക എന്നതാണ് പ്രധാനം.മൂല്യച്യുതി സംഭവിച്ച് കൊണ്ടിരിക്കുന്ന വായനയെ തിരിച്ചുകൊണ്ടുവരാന്‍ പുതിയ തലമുറക്ക് കഴിയണം. ആധുനിക സാങ്കേതികവിദ്യയുടെ പിറകെ പോകുന്പോഴും തനത് സംസ്കാരത്തിന്‍റെ പ്രതീകമെന്ന് പറയാവുന്ന വായനയെ പ്രോത്സാഹിപ്പിക്കാനും നിലനിര്‍ത്താനും കഴിയണം.പുസ്തകങ്ങളെ സാംസ്കാരിക പൈതൃകത്തിന്‍റെ, ദിശാബോധത്തിന്‍റെ അടയാളമായി സംരക്ഷിച്ചുനിര്‍ത്താന്‍ കഴിയണം. ലോകത്തിലെ ഒട്ടേറെ എഴുത്തുകാര്‍ അവരുടെ അനുഭവങ്ങളും അറിവുകളും അക്ഷരങ്ങളായി രൂപപ്പെടുത്തി വരും തലമുറക്ക് സമ്മാനിച്ച പുസ്തകങ്ങള്‍ ഒരു അനുഭവസന്പത്ത് തന്നെയാണ്. ‘വായന ഇല്ലാത്തതാണ് തൊണ്ണൂറു ശതമാനം കുടുംബപ്രശ്‌നങ്ങള്‍ക്കും കാരണ’ മെന്ന് മഹാജ്ഞാനികള്‍ പറയുന്നു. വായിക്കുന്ന കുടുംബിനിയുടെ ഉള്‍ക്കാഴ്ച്ചയും പെരുമാറ്റത്തിന്റെ വിശേഷമഹിമയും വിവരണാതീതമാണ്. ദാമ്പത്യ ജീവിതത്തിന്റെ പൊരുത്തക്കേടുകള്‍ക്കും വഴക്കുകള്‍ക്കും മഹാ ഔഷധമാണ് വായന. നന്നായി വായിക്കുന്ന ഭാര്യയുടെയും ഭര്‍ത്താവിന്റെയും മനസ് മാന്യമായ സംസ്‌കാരം നിറഞ്ഞതായിരിക്കും. അതുകൊണ്ട് എല്ലാ അഭിപ്രായ വ്യത്യാസങ്ങള്‍ക്കും സൗമ്യമായ പരിഹാരങ്ങള്‍ ഉയര്‍ന്നുവരും.

വായനയിലൂടെ സംസ്‌കാര സമ്പന്നതയാര്‍ജ്ജിച്ച ഒരു ഉദ്യോഗസ്ഥന്‍ പൊതു ജനത്തിന്റെ മിത്രമാണ്, അല്ല സ്വത്താണ്. സേവനത്തിന്റെ സമസ്ത ഭാവങ്ങളും ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുവാന്‍ അദ്ദേഹത്തിന് പ്രകൃതിദത്തമായ കഴിവുണ്ടാകും അറിവും വിജ്ഞാനവും നിറഞ്ഞുനില്‍ക്കുന്ന പുസ്തകങ്ങളെ സ്നേഹിക്കാനും സ്വന്തമാക്കാനും ഈ പുസ്തകദിനം പ്രചോദനമാകട്ടെയെന്ന്‍ ആശംസിക്കുന്നു

Subscribe to MalayalamNewspress:

 

 
Loading...