കോടികള്‍ മുടക്കി കല്ല്യാണധൂര്‍ത്തുകള്‍ നടത്തുന്നവര്‍ വായിക്കണം ഈ യുവതിയെ, വിവാഹത്തില്‍ നിന്ന് അമ്മയും അടുത്ത ബന്ധുക്കളുമുള്‍പ്പടെ മാറി നിന്നപ്പോള്‍ കയ്യിലുണ്ടായിരുന്ന തുച്ഛമായ തുക കൊണ്ട് കല്ല്യാണം ആഘോഷമാക്കി നടത്തി നീതു. ഒരു ചെറിയ മാലയും ജിമുക്കി കമ്മലും മോതിരവും വളയും പിന്നെ ബാങ്കില്‍ ഉള്ള കുറച്ചു രൂപയും ആയിരുന്നു വിവാഹത്തിന് നീതുവിന്റെ കൈയ്യിലുള്ള ആകെ സമ്പാദ്യം.

ഏതൊരു പെണ്ണിനെയും പോലെ വിവാഹത്തെ കുറിച്ച് നിരവധി സ്വപ്‌നങ്ങളായിരുന്നു നീതുവിനുണ്ടായിരുന്നത്. പക്ഷെ തന്റെ വിവാഹം തന്റെ മാത്രം ഉത്തരവാദിത്വമായപ്പോള്‍ സ്വപ്‌നങ്ങള്‍ മറന്ന് യാഥാരത്ഥ്യത്തിലൂടെയാണ് നീതു വിവാഹം നടത്തിയത്. ആര്‍ഭാടവും ധൂര്‍ത്തും അനാവശ്യചിലവുകളുമായി കല്ല്യാണം പൊടിപൊടിക്കുന്നവരുടെ മനസ്സിലേക്ക് ഇങ്ങനെ ചില മുഖങ്ങള്‍ കൂടി കടന്നു വരണം. ഒമ്പതു കൊല്ലം മുമ്പ് നടന്ന തന്റെ വിവാഹത്തെ കുറിച്ച് നീതു പോള്‍സണ്‍ ഇട്ട പോസ്റ്റ് ഇപ്പോള്‍ വൈറലായിരിക്കുകയാണ് .

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

കല്യാണത്തിന് പൈസ ഒന്നും തരില്ല, വേണമെങ്കില്‍ ഒരാളായി കൂടെ നില്‍ക്കാം എന്ന് പറഞ്ഞ് ചെറിയച്ഛനും കൂടെ അമ്മയും പിന്‍മാറിയപ്പോഴാണ് സ്വന്തം വിവാഹമെന്നത് എന്റെ മാത്രം ഉത്തരവാദിത്വമായി മാറിയത്.

എനിക്ക് മുന്‍പില്‍ രണ്ട് ഓപ്ഷന്‍ ഉണ്ടായിരുന്നു. ഒന്നെങ്കില്‍ വിവാഹം ഇതൊന്നുമല്ലാത്ത ലിവിംഗ് ടു ഗെതര്‍ ജീവിതം ലിവിംഗ് ടു ഗെതറില്‍ വിശ്വാസമില്ലാത്തതുകൊണ്ടും അമ്പലത്തിലോ മറ്റോ വിവാഹം നടത്തണം എന്ന ആഗ്രഹമുള്ളതുകൊണ്ടും ഞാന്‍ ആദ്യത്തെ ഓപ്ഷന്‍ തെരെഞ്ഞടുത്തു.

ഒരു ചെറിയ മാലയും ജിമുക്കി കമ്മലും മോതിരവും വളയും പിന്നെ ബാങ്കില്‍ ഉള്ള കുറച്ചു രൂപയും ആയിരുന്നു എന്റെ ആകെ സാമ്പാദ്യം, വനിത മാസികയില്‍ വെഡ്ഡിംഗ് പ്ലാനുകള്‍ എന്നൊരു പംക്തി ആയിടയ്ക്ക് വന്നു. ലക്ഷങ്ങളും കോടികളും പൊടിപൊടിക്കുന്ന കല്യാണങ്ങളെ കുറിച്ചായിരുന്നു ആ ലേഖനമെങ്കിലും ആദ്യം വാങ്ങേണ്ടത് സ്വര്‍ണ്ണമാണെന്ന് ഞാന്‍ മനസിലാക്കി.

ഇതിനിടയില്‍ അമ്മയും ചെറിയച്ഛനും നിശ്ചയം വയ്ക്കാന്‍ തയാറായി. 15 ആളുകളെ ക്ഷണിച്ചു. അവര്‍ക്ക് അപ്പവും ചിക്കന്‍ കറിയും കൊടുത്തു. മുഹൂര്‍ത്തം കുറിച്ചു, നിശ്ചയത്തിന് ഇടാന്‍ മുണ്ടും നേര്യതും ആണ് ഞാന്‍ തെരെഞ്ഞെടുത്തത് വില കുറവായിരുന്നു അതിന്റെ പ്രേത്യേകത. 270 രൂപയായിരുന്നു അതിന്റെ വില.

ബാങ്കില്‍ ഉള്ള പൈസയില്‍ നിന്നും ഒന്നരപവന്റെ മാലയും ,താലിയും മോതിരവും വാങ്ങി ഒപ്പം ടെന്‍ഷനും തുടങ്ങി. കൈയ്യില്‍ വളരെ കുറച്ചു തുക മാത്രമേയുള്ളു. എല്ലാ പെണ്‍കുട്ടികളേയും പോലെ വിവാഹത്തെ കുറിച്ച് ഒരു പാട് സങ്കല്പങ്ങള്‍ ഉണ്ട്. തല നിറയെ പൂ ചൂടി ആഭരണങ്ങള്‍ അണിഞ്ഞ് പട്ടുസാരിയുടുത്ത്, നാടും വീടും അറിഞ്ഞുള്ള ആഘോഷപൂര്‍ണ്ണമായ ഒരു വിവാഹമായിരുന്നു എന്റെ സ്വപ്നങ്ങളില്‍ നിറയെ, പക്ഷേ എന്റെ വിവാഹ സമയത്തെങ്കിലും കൂടെയുണ്ടാവും എന്ന് കരുതിയ അമ്മാവന്‍മാരുള്‍പ്പെടെയുള്ള ബന്ധു ജനങ്ങള്‍ മാറി നിന്ന് കളഞ്ഞത് എനിക്ക് സഹിക്കാന്‍ പറ്റുന്നതിനും അപ്പുറമായിരുന്നു. അമ്മയോടുള്ള പിണക്കമായിരുന്നു അതിന് കാരണം. അല്ലെങ്കില്‍ എന്റെ വിവാഹം ഒരു ബാധ്യതയായി മാറും എന്നവര്‍ കരുതിയിരിക്കാം.

കല്യാണ സാരിയെടുക്കാന്‍ പോയത് ഞാനും വല്ല്യമ്മച്ചീ യും കൂടെയായിരുന്നു. കല്യാണ സാരി എന്ന് കേട്ടപ്പോള്‍ വില കൂടിയ പട്ടുസാരികളുടെ ഒരു കൂമ്പാരം എന്റെ മുന്‍പില്‍, ഇതിലും വില കുറഞ്ഞത് എന്നും പറഞ്ഞ്, പറഞ്ഞ്, അവസാരം അവിടെ നിന്ന സെയില്‍സ് ഗേള്‍ ഇളം ഓറഞ്ചില്‍ ഇത്തിരി കസവും കല്ലുകളും പതിച്ച സാരി ഉയര്‍ത്തി വല്ലായ്മയോടെ പറഞ്ഞു, ‘ഇതിന് 750 രൂപ ഇതിലും കുറഞ്ഞത് ഇവിടെ ഇല്ല ചേച്ചീ

ഞാനാ സാരി തന്നെ തെരെഞ്ഞടുത്തു അതിന്റെ ഭംഗിയോ വിലയോ എനിക്കൊരു പ്രശ്നം അല്ലായിരുന്നു കല്യാണത്തിന് ഉടുക്കാന്‍ ഒരു സാരി. അത്ര മാത്രം. തല നിറയെ പൂവച്ച് സാരിയുടുത്ത് ഞാനും ഒരു കല്യാണ പെണ്ണായി. എന്നെ സംബന്ധിച്ചിടത്തോളം അതെന്റെ സ്വപ്ന സാക്ഷാത്കരമായിരുന്നു. എന്റെ അഭിമാനമൂഹുര്‍ത്തമായിരുന്നു. പ്രൗഡ് ഓഫ് നീതു എന്ന് അഹങ്കാരത്തോടെ ആയിരം വട്ടം പറഞ്ഞ നിമിഷമായിരുന്നു. അമ്പലത്തില്‍ വച്ചായിരുന്നു കല്യാണം.

വണ്ടി കാശ് 2500 രൂപയായിരുന്നു. പന്ത്രണ്ട് പേരാണ് വിവാഹത്തില്‍ പങ്കെടുത്തത് അതുകൊണ്ട് ഭഷണ ചിലവ് 650 രൂപയില്‍ ഒതുങ്ങി., ചെക്കന്റെ വീട്ടില്‍ കയറുമ്പോള്‍ നിലവിളക്ക് വേണമല്ലോ അതു കൊണ്ട് 175 രൂപയുടെ വിളക്കും വാങ്ങി. എല്ലാം കഴിഞ്ഞ് കൈയ്യില്‍ മിച്ചമുണ്ടായിരുന്നത്. അഞ്ഞൂറ് രൂപയും.

ഇന്ന് ബന്ധുക്കളുമായി അത്ര രസത്തില്‍ അല്ല എന്ന് പറയുമ്പോ ഓടി പോയാണോ കെട്ടിയേ എന്നും ചോദിച്ച് കഴുത്തിലെ താലി പിടിച്ചു നോക്കി ഒര്‍ജിനല്‍ ആണോന്ന് ചോദിച്ചവരുണ്ട്, അവരോടൊന്നും മറുപടി പറയാന്‍ മെനകെടാറില്ല എന്നതാണ് നേര്. കൂട്ടുകാരുടെ കല്യാണ ഫോട്ടോയൊക്കെ കാണുമ്പോ ഒരു ആയിരം രൂപ ഇല്ലാത്തോണ്ട് ഫോട്ടോ എടുക്കാതെ പോയ എന്റെ കല്യാണത്തെ കുറിച്ച് ഞാനോര്‍ക്കാറുണ്ട്. വിഷമം തോന്നുമെങ്കിലും ഇത്രയൊക്കെ സാധിച്ചല്ലോ എന്ന സമദാനമാണ് തോന്നാറ്, മാതാപിതാക്കളുടെ
അഭാവത്തില്‍ വളരുന്ന എല്ലാവരുടെയും കല്യാണങ്ങള്‍ ഇങ്ങനെ തന്നെയാണ്, ഇതു പോലെ നിറ പകിട്ടില്ലാതെ. പക്ഷേ അവര്‍ കാണുന്ന സ്വപ്നങ്ങള്‍ കളര്‍ഫുള്‍ ആയിരിക്കും അതാണ് അവരും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം..

എന്ന് സ്വന്തം കല്യാണം
സ്വന്തമായി നടത്തിയ
ഒരു യുവതി.
ഒപ്പ്.

NB. ചെക്കന്‍ താമസിക്കുവാന്‍ ഒരു വീട് തരപ്പെടുത്തുന്ന തിരക്കില്‍ ആയതിനാലും ചെക്കനും എല്ലാം തനിയേ ചെയ്യേണ്ടി വന്നതിനാലും താലി,മാല, വിളക്ക് എന്നിവ എന്റെ ഉത്തരവാദിത്യമായി കണ്ടു വാങ്ങി. അതില്‍ ഒരു കുറവും ഞാന്‍ കാണുന്നില്ല.

ഒമ്പത് കൊല്ലമായിട്ടും ഇപ്പോഴും എല്ലാം ഇന്നലെ കഴിഞ്ഞ പോലെ…

Loading...