കള്ളപ്പണം കണ്ടെത്തനാണെന്ന് കൊട്ടിഘോഷിച്ച് നരേന്ദ്ര മോദി നടത്തിയ നോട്ടുനിരോധനം വമ്പന്‍ പരാജയമാണെന്നതിന് തെളിവ് കഴിഞ്ഞ ദിവസമാണ് റിസര്‍വ് ബാങ്ക് പുറത്തുവിട്ടത്. നിരോധിച്ച നോട്ടിന്റെ 99.3 ശതമാനവും തിരിച്ച് ബാങ്കുകളില്‍ തന്നെ എത്തി എന്നാണ് ആര്‍ബിഐ റിപ്പോര്‍ട്ട്. നിരോധനം നടപ്പാക്കി രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആര്‍ബിഐ ഈ നിഗമനത്തില്‍ തന്നെ എത്തിയത്. നോട്ടു നിരോധന നാടകം വമ്പന്‍ പരാജയമാണെന്നും എന്തിനാണ് ജനങ്ങളെ മുഴുവന്‍ വഴിയാധാരമാക്കി മോദി നോട്ട് നിരോധിച്ചതെന്നുമാണ് ഇന്ത്യ ഇപ്പോള്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യുന്ന വിഷയം. കിഡ്നി മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയും വിശ്രമവുമൊക്കെ കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷമാണ് അരുണ്‍ ജെയ്റ്റ്ലി ഓഫീസില്‍ തിരിച്ചെത്തുന്നത്. നോട്ടു നിരോധനം എന്തിനായിരുന്നു എന്ന സാധാരണക്കാരന്റെ ചോദ്യത്തിന് ഉത്തരം പറയേണ്ട ബാധ്യസ്ഥത അരുണ്‍ ജെയ്റ്റ്ലിക്കുണ്ട്.

തന്റെ ഫെയ്സ്ബുക്ക് പേജില്‍ സുദീര്‍ഘമായ ലേഖനം എഴുതിയാണ് അരുണ്‍ ജെയ്റ്റ്ലി തന്റെ വാദങ്ങള്‍ നിരത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വാദങ്ങളിലെ ഏറ്റവും ഹൈലൈറ്റഡ് പോയിന്റ് നോട്ടുനിരോധനം നടപ്പാക്കിയത് കള്ളപ്പണം പിടിക്കാന്‍ മാത്രമല്ല, ഇന്ത്യക്കാരെ നികുതി ദായകര്‍ ആക്കുന്നതിനാണ് എന്നാണ്. അപ്പോള്‍ ഇത്രയും കാലം കള്ളപ്പണം എന്ന് പറഞ്ഞതോ എന്നുള്ള മറുചോദ്യത്തിന് വകുപ്പില്ല, ചോദിച്ചാല്‍ തന്നെ ഉത്തരം കിട്ടുകയുമില്ല.

അരുണ്‍ ജെയ്റ്റ്ലി പറയുന്നത് പോലെ ഇന്ത്യക്കാര്‍ നികുതി അടച്ച് തുടങ്ങിയത് നോട്ടുനിരോധനം നടപ്പാക്കിയത് കൊണ്ടാണോ എന്നത് നിര്‍ണായകമായ ചോദ്യമാണ്. അല്ല എന്നതാണ് അതിന്റെ ഏറ്റവും സ്പഷ്ടമായ ഉത്തരം. അരുണ്‍ ജെയ്റ്റ്ലിയുടെ കണക്കുകള്‍ ശരിയാണ്, ഇന്ത്യയില്‍ പിരിഞ്ഞ് കിട്ടുന്ന നികുതിയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഏതാണ്ട് 4 ലക്ഷം കോടി രൂപയുടെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. പക്ഷെ അത് നോട്ടുനിരോധനം കൊണ്ടല്ല. ആദായ നികുതി വകുപ്പിന്റെ നടപടിക്രമങ്ങളുടെയും നിയമത്തിന്റെയും ഫലമായിട്ടാണ്.

ഇന്ത്യയില്‍ ഇപ്പോള്‍ ആദായ നികുതി നിയമങ്ങള്‍ ശക്തമാണ്. നോട്ടുനിരോധനത്തിന് ശേഷം നടപ്പാക്കിയ പരിഷ്‌ക്കാരങ്ങള്‍ നിയമത്തെ കൂടുതല്‍ ശക്തമാക്കി. പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ഉപയോഗിച്ചു കൊണ്ട് പൗരന്മാരുടെ സാമ്പത്തിക ഇടപാടുകള്‍ പോലും ആദായ നികുതി വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. ആളുകള്‍ അളവില്‍ കൂടുതല്‍ പണം കൈകാര്യം ചെയ്യുമ്പോള്‍ ആദായ നികുതി വകുപ്പ് അത് അറിയുന്നുണ്ട്, തുടര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഐടി റെയ്ഡുകളും മറ്റും സ്ഥിരമായി നടക്കുന്നുണ്ട്. ആദായ നികുതി വകുപ്പ് അവരുടെ ജോലികള്‍ കൃത്യമായി ചെയ്യാന്‍ തുടങ്ങിയപ്പോള്‍ നികുതി അടയ്ക്കുന്ന ആളുകളുടെ എണ്ണവും കൂടി.

നികുതി വെട്ടിക്കുന്നവരെ, ചെറുതും വലുതുമൊക്കെ, ആദായ നികുതി വകുപ്പ് പിടികൂടുന്നുണ്ട്. നികുതി അടയ്ക്കാത്തതിനുള്ള പിഴ വര്‍ദ്ധിപ്പിച്ചതും പ്രോസിക്യൂഷന്‍ പോലുള്ള നടപടിക്രമങ്ങള്‍ പതിവാക്കിയതും ആളുകളെ ഭയപ്പെടുത്തി. ഇന്ത്യയില്‍ ടാക്സ് അടയ്ക്കാത്ത സ്ഥിരം ജോലിക്കാര്‍ ഇപ്പോള്‍ കുറവാണ് എന്ന് തന്നെ പറയാം. പണ്ടായിരുന്നെങ്കില്‍ നികുതി അടയ്ക്കാതെ സ്വരുക്കൂട്ടിയ പണം കൊണ്ട് വിദേശരാജ്യങ്ങളിലും മറ്റും നിക്ഷേപങ്ങള്‍ നടത്താന്‍ എളുപ്പമായിരുന്നു. എന്നാല്‍, ഇന്ത്യ ഇന്ന് നൂറിലേറെ രാജ്യങ്ങളുമായി റിയല്‍ ടൈം ഡേറ്റ കൈമാറാനുള്ള കരാറില്‍ എത്തിയിട്ടുണ്ട്. ആര് എവിടെ പണം നിക്ഷേപിച്ചാലും അത് അറിയാനുള്ള സംവിധാനം ആദായനികുതി വകുപ്പ് ഒരുക്കിയിട്ടുണ്ടെന്ന് ചുരുക്കം. ഇത്തരത്തില്‍ ആളുകള്‍ നികുതി സമ്പ്രദായത്തോട് അനുകൂലമായി പ്രതികരിച്ച് തുടങ്ങിയതിനെ നോട്ടുനിരോധനം കൊണ്ടാണെന്ന് പറയാന്‍ ചിലപ്പോള്‍ ഉപദേശിച്ചത് അരുണ്‍ ജെയ്റ്റ്ലിയുടെ ബോസ് നരേന്ദ്ര മോദി ആകാനേ തരമുള്ളു. ബോസ് പറയുന്നത് അതേപടി അനുസരിക്കലാണല്ലോ അനുസരണയുള്ള തൊഴിലാളിയുടെ കടമ. ആ കടമയാണ് ഈ ന്യായീകരണത്തിലൂടെ അരുണ്‍ ജെയ്റ്റ്ലി നടത്തിയിരിക്കുന്നത്.

Reported by: Anjali Antony, Malayalam News Press

Loading...