ചെയ്യാത്ത കുറ്റത്തിന് ജയിലിലടയ്ക്കപ്പെട്ട യുവതിയെ സഹായിക്കാനെത്തിയത് അപരിചിതനായ യുവാവ്. ദുബായിലാണ് സംഭവം. ജയില്‍ ശിക്ഷ അനുഭവിച്ച യുവതിക്കു കേസില്‍ നിന്നും രക്ഷപ്പെടാന്‍ ദയാധനം നല്‍കിയ യുവാവ് യുവതിയെ വിവാഹം കഴിക്കാന്‍ താല്‍പര്യം അറിയിക്കുകയും ചെയ്തു. അറബ് മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജയില്‍ ശിക്ഷ അനുഭവിക്കുന്ന യുവതിക്കു ദയാധനം നല്‍കാന്‍ സാധിക്കുന്നില്ലെന്ന കാര്യം ഒരു ജീവകാരുണ്യ സംഘടന വഴി യുവാവിന്റെ സഹോദരിയാണ് അറിഞ്ഞത്. തുടര്‍ന്ന് ഇയാള്‍ യുവതിയുടെ കുടുംബവുമായി ബന്ധപ്പെടുകയും ദയാധനം നല്‍കുകയും യുവതിയെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് അറിയിക്കുകയുമായിരുന്നു. ആദ്യ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടിയ ശേഷം തന്നെ സഹായിച്ച വ്യക്തിക്കൊപ്പം ജീവിക്കാമെന്ന് യുവതി സമ്മതിക്കുകയായിരുന്നു.

Loading...

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കേസില്‍ അകപ്പെട്ട 21 വയസ്സുള്ള അറബ് യുവതി 37 വയസ്സുള്ള വ്യക്തിയെ വിവാഹം കഴിച്ചതെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യ വിവാഹവും മൂന്നു മക്കളുണ്ടെന്ന കാര്യവും ഇയാള്‍ യുവതിയില്‍ നിന്നും മറച്ചുവച്ചിരുന്നു. ഈ കാലത്ത് യുവാവ് ദുബായിലായിരുന്നു ജോലി ചെയ്തിരുന്നത്.

വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ ഭര്‍ത്താവിന്റെ ആദ്യ ഭാര്യ വരികയും മൂന്നു മക്കളെയും ഏല്‍പ്പിച്ച് അവര്‍ സ്വന്തം രാജ്യത്തേക്ക് പോവുകയും ചെയ്തു. മൂന്നു പെണ്‍കുട്ടികളും വീട്ടില്‍ രണ്ടാനമ്മയ്‌ക്കൊപ്പമായിരുന്നു (കേസില്‍ അകപ്പെട്ട യുവതി). കുട്ടികളെ നോക്കാനുള്ളതിനാല്‍ യുവതിയെ ജോലിക്ക് പോകാന്‍ ഭര്‍ത്താവ് അനുവദിച്ചില്ല. അധികം വൈകാതെ 21 വയസ്സുള്ള യുവതി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. നാലു മക്കളെയും ഇവര്‍ സ്‌നേഹിക്കുകയും വളര്‍ത്തുകയും ചെയ്തു. ആദ്യ ഭാര്യയിലെ മക്കളും യുവതിയുമായി വളരെ അടുക്കുകയും ചെയ്തു.

കാര്യങ്ങള്‍ വലിയ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ടു പോകുന്നതിനിടെയാണ് കുടുംബത്തില്‍ ഒരു ദുരന്തം സംഭവിച്ചത്. ആദ്യ വിവാഹത്തിലുണ്ടായിരുന്ന ഏറ്റവും ഇളയ പെണ്‍കുട്ടി യുവതിയുടെ ബൈക്ക് ഓടിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടു. രക്തത്തില്‍ കുളിച്ചുകിടക്കുന്ന പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. എന്താണ് സംഭവിച്ചതെന്ന് യുവതി ഭര്‍ത്താവിനെ വിളിച്ചു പറയുകയും ചെയ്തു. ഐസിയുവില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി പക്ഷേ, മരിച്ചു. സംഭവം അറിഞ്ഞ് പെണ്‍കുട്ടികളുടെ മാതാവ് സ്ഥലത്ത് എത്തുകയും രണ്ടാനമ്മയായ യുവതിയെ കുറ്റപ്പെടുത്തുകയും ചെയ്തു. തന്റെ മകളെ യുവതി ബൈക്കില്‍ നിന്നും തള്ളിയിട്ടുവെന്നും പെണ്‍കുട്ടിയുടെ മരണത്തിന് ഉത്തരവാദി യുവതിയാണെന്നു ഇവര്‍ ആരോപിച്ചു. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ യുവതിയുടെ കയ്യില്‍ തെളിവുകള്‍ ഒന്നും ഇല്ലായിരുന്നു.

തുടര്‍ന്ന് യുവതി കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തുകയും 10 വര്‍ഷം തടവുശിക്ഷ വിധിക്കുകയും ചെയ്തു. ഭര്‍ത്താവും യുവതിയെ ഉപേക്ഷിച്ചു. യാതൊരു വിധത്തിലുള്ള സഹായവും നല്‍കിയില്ല. പിന്നീട്, കോടതി യുവതിയുടെ ശിക്ഷ അഞ്ചു വര്‍ഷമായി കുറച്ചു. ഒടുവില്‍ ശിക്ഷാകാലവധി പൂര്‍ത്തിയാക്കിയിട്ടും യുവതിയ്ക്ക് സ്വതന്ത്രയാകാന്‍ സാധിച്ചില്ല. പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട ദയാധനം കുടുംബത്തിന് നല്‍കാന്‍ സാധിക്കാത്തതായിരുന്നു പ്രശ്‌നം. ഭര്‍ത്താവോ കുടുംബമോ സഹായത്തിന് എത്തിയില്ല. ഈ സമയത്താണ് ഒരു ജീവകാരുണ്യ സംഘടനയിലൂടെ യുവാവിന്റെ സഹോദരി വിവരം അറിയുകയും യുവാവ് സഹായത്തിന് എത്തുകയും ചെയ്തത്.


 

 
Loading...