മുടി കളര്‍ ചെയ്ത ഫ്രഞ്ച് യുവതിയുടെ രൂപമാറ്റം കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകം. ഡൈയ്ക്കു പിന്നാലെ യുവതിയുടെ മുഖം അസാധാരണവിധം വീര്‍ത്ത് തടിക്കുകയായിരുന്നുവെന്നും ഡൈ മൂലമുണ്ടായ അലര്‍ജിയെ തുടര്‍ന്ന് മുഖം വികൃതമായെന്നും ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പത്തൊന്‍പതുകാരിയായ എസ്‌തെല്ല എന്ന യുവതിയാണ് ഹെയര്‍ ഡൈ ചെയ്തതിനു ശേഷമാണ് മുഖം വിരൂപമായതെന്ന ആരോപണവുമായി രംഗത്തെത്തിയത്.

അലര്‍ജി തടയാനുളള മരുന്ന് കഴിച്ചെങ്കിലും യാതൊരു ഫലവും ഉണ്ടായില്ലെന്നും മുഖം 22 ഇഞ്ചില്‍ നിന്ന് 24.8 ഇഞ്ചായി വലുപ്പം വച്ചുവെന്നും എസ്തലേ പറയുന്നു. പ്രോഡക്ട് ടെസ്റ്റ് ചെയ്യുന്നതിനായി വളരെ കുറച്ച് മാത്രമാണ് താന്‍ പരീക്ഷിച്ചതെന്നും ഹെയര്‍ഡേ മുഖത്ത് അബദ്ധത്തില്‍ പടര്‍ന്നതോടെ അസാധാരമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നുവെന്നും എസ്തലേ പറയുന്നു.

ഡാര്‍ക്ക് നിറത്തിലുളള ഹെയര്‍ ഡൈകളിലും മേക്കപ്പ് സാധനങ്ങളിലും അടങ്ങിയ പാരഫിനിലെനിഡയാമിന്‍ (പിപിഡി) എന്ന കെമിക്കലാണ് എസ്തലേയ്ക്ക് അലര്‍ജിയുണ്ടാക്കിയതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മുഖം മാത്രമല്ല നാക്കും തടിച്ചു വീര്‍ത്തു. ഹെയര്‍ ഡൈ ഉപയോഗിച്ചതോടെ ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഒരു രാത്രി മുഴുവന്‍ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് മുഖം വീര്‍ക്കുന്നത്. വിദഗ്ദമായ ചികിത്സയ്ക്ക് ശേഷം അവര്‍ പഴയ രൂപത്തിലേയ്ക്ക് മടങ്ങിയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ഇത്തരത്തിലുളള അലര്‍ജികള്‍ ശരീരത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ശ്വാസതടസവും കഠിനമായ ശരീരവേദനയും കിഡ്‌നികളുടെ തകരാരിനും വഴിവയ്ക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. മരണത്തിനു തുല്യമായ നരകവേദന താന്‍ അനുഭവിച്ചുവെന്നും ഇനിയും ആര്‍ക്കും ഇത്തരത്തിലുളള അനുഭവങ്ങള്‍ ഉണ്ടാകരുതെന്നും എസ്തലേ പറയുന്നു.

Loading...