കാഞ്ഞിരംകുളം:നാലു മാസം ഗർഭിണിയായ ഭാര്യയെ പിഞ്ച് കുഞ്ഞിന് മുന്നിൽവച്ച് യുവാവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. കാഞ്ഞിരംകുളം നെടിയകാല ചാവടി കല്ലുതട്ടു വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഷൈനി(25)യാണ് മരിച്ചത് . പ്രതിയായ ഭർത്താവ് നിധീഷിനെ (33) കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തു .ഭാര്യയുടെ ഗർഭം സംബന്ധിച്ച സംശയമാണ് കൊലപാതകത്തിലേക്ക് കലാശിച്ചത് .

കൊല ചെയ്യപ്പെടുന്ന ദിവസം രാവിലെ ഷൈനി ചാവടിയിൽ നിന്ന് പുല്ലുവിളയിലെ ബന്ധുവിന്റെ കല്യാണത്തിൽ പങ്കെടുത്തിരുന്നു. അതിനുശേഷം കുടുംബവീട്ടിൽ ചെന്ന് അച്ഛനെ കണ്ടുമടങ്ങി. പിന്നെ വീട്ടുകാർ അറിയുന്നത് മകളുടെ ദാരുണ മരണമായിരുന്നു. ഗർഭം സംബന്ധിച്ച സംശയത്തെ തുടർന്നാണ് ഷൈനിയുമായി വഴക്കുണ്ടാക്കിയതെന്നും കൊല ചെയ്തതെന്നും പ്രതിയായ നിധീഷ് പൊലീസിനോട് പറഞ്ഞിരുന്നു. ഇരുവരും താമസിച്ചിരുന്ന വാടക വീട്ടിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ, ഷൈനി എടുത്ത സ്‌കാനിംഗിന്റെ റിപ്പോർട്ട് കണ്ടുകിട്ടിയിരുന്നു. ഈ റിപ്പോർട്ട് കിട്ടിയതിനുശേഷമാണ് പ്രശ്നങ്ങൾ കൂടുതൽ വഷളായത്.
murder

ഗൾഫിൽ ജോലി ചെയ്തിരുന്ന നിധീഷ് ഏതാനും മാസങ്ങൾക്കുമുമ്പാണ് നാട്ടിലെത്തിയത്. ആ ഡേറ്റും, സ്‌കാനിംഗ് റിപ്പോർട്ടിൽ പറയുന്ന ഡേറ്റുകളും തമ്മിൽ പൊരുത്തക്കേടുണ്ടെന്ന് ആരോപിച്ചായിരുന്നു നിധീഷ് വഴക്കുണ്ടാക്കിയതെന്ന് നാട്ടുകാർ പറയുന്നു. ഗർഭത്തിൽ ഇയാൾ സംശയിക്കുന്നുണ്ടായിരുന്നു. ഇയാൾ മയക്കുമരുന്നിന് അടിമയാണെന്നും ആരോപണമുണ്ട്. ഷൈനിയുടെ കുടുംബ വീട്ടിനുമുന്നിലാണ് നിധീഷിന്റെയും കുടുംബവീട്. എന്നാൽ നിധീഷിന്റെ കുടുംബം ഇപ്പോൾ വർഷങ്ങളായി ചാവടിയിലാണ് താമസം. ഒന്നരവർഷം മുമ്പാണ് ഷൈനിയും നിധീഷും മകൻ കെവിനും ചാവടിയിലെ വാടക വീട്ടിൽ താമസം തുടങ്ങിയത്. മകൾക്ക് ജീവിതത്തെപ്പറ്റി നല്ല കാഴ്ചപ്പാടുണ്ടായിരുന്നു, മകൻ കെവിനെ വലിയൊരുനിലയിലെത്തിക്കണമെന്ന് അവൾ എപ്പോഴും പറയാറുണ്ടായിരുന്നു. ആ സ്വപ്നങ്ങളെല്ലാം ബാക്കി വച്ചാണ് അവൾ പോയതെന്ന് അച്ഛൻ ബേബി നിറകണ്ണുകളോടെ പറയുന്നു. അമ്മ മെൽറ്റ. സഹോദരങ്ങൾ: മിന, ഷാജല ബെന്നി, ബിജു.

ഷൈനിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ വൈകുന്നേരത്തോടെ പുല്ലുവിളയിലെ കുടുംബ വീടായ ഇരയിമ്മൻതുറ തോട്ടത്തു വീട്ടിലെത്തിച്ച ശേഷം പള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചു. നൂറു കണക്കിന് ബന്ധുക്കളും നാട്ടുകാരും വിലാപയാത്രയിൽ പങ്കുകൊണ്ടു. സ്ത്രീകളുടെയും കുട്ടികളുടെയും അലമുറയിൽ പുല്ലുവിള ഗ്രാമം സങ്കടക്കടലായി മാറി.

Loading...