Subscribe to MalayalamNewspress:

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെടുന്ന പെണ്‍കുട്ടികളെ വശത്താക്കി നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കല്ലറ സ്വദേശി ജിന്‍സ് സജി ആണ് അറസ്റ്റിലായത്. ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്ന പെണ്‍കുട്ടികളെയും യുവതികളെയുമാണ് 24കാരനായ ഇയാള്‍ ചതിക്കുഴിയില്‍ വീഴ്ത്തിയത്. ഒരിക്കല്‍ വലയില്‍ വീണാല്‍ പ്രണയം നടിച്ച് നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തും. തുടര്‍ന്ന് ഭീഷണിപ്പെടുത്തിയാണ് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നത്.

പീഡനത്തിനിരയായ ഒരു പെണ്‍കുട്ടിയുടെ പരാതിയിലാണ് യുവാവ് അറസ്റ്റിലായത്. അവിചാരിതമായി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ജിന്‍സുവുമായി പ്രണയത്തിലായ കുട്ടി ഒരിക്കല്‍ ഇയാളോടൊന്നിച്ച് സെല്‍ഫിയെടുത്തിരുന്നു. ഈ ഫോട്ടോ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങളും ചാറ്റിങ്ങിലൂടെ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ വെച്ച് പിന്നീട് ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു. ഭീഷണിയുടെ പുറത്ത് ഇയാളെ വീടിനുള്ളില്‍ പ്രവേശിപ്പിച്ച് വിദ്യാര്‍ഥിനി ലൈംഗികബന്ധത്തിലേര്‍പ്പെട്ടു. അതും മൊബൈലില്‍ പകര്‍ത്തിയ ഇയാള്‍ ഇത് കാണിച്ച് സ്ഥിരമായി കുട്ടിയെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് കുട്ടി സ്‌കൂള്‍ പ്രിന്‍സിപ്പാളിനോട് വിവരം തുറന്ന് പറയുകയായിരുന്നു.

Loading...

മൂന്നു വര്‍ഷത്തിനിടയിലാണ് പീഡനങ്ങളെല്ലാം നടന്നത്. സ്‌കൂള്‍ കുട്ടികളെയാണ് ഇയാള്‍ കൂടുതലായും വശത്താക്കിയത്. ഇരുപത്തഞ്ചിലധികം പെണ്‍കുട്ടികളെ ഇയാള്‍ ചതിച്ചിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഒരു പ്രഥമാധ്യാപികയ്ക്ക് തന്റെ സ്‌കൂളിലെ ഒരു പെണ്‍കുട്ടിയെ യൂണിഫോമില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ മറ്റൊരാളുടെ കൂടെ കാറില്‍ കണ്ടതായി വിവരം കിട്ടി. ഈ വിവരം ജില്ലാ പൊലീസ് മേധാവിയുടെ ഓപ്പറേഷന്‍ ഗുരുകുലം പദ്ധതി കോ-ഓര്‍ഡിനേറ്ററെ അറിയിച്ചു. പൊലീസ് അന്വേഷണത്തില്‍ കുട്ടിയെ കാറില്‍ കൊണ്ടുപോയ യുവാവിനെ പിടികൂടി. ഇയാളുടെ മൊബൈലില്‍ മറ്റ് പെണ്‍കുട്ടികളുമായുള്ള അശ്ലീല ചാറ്റുകള്‍ കാണിച്ചുകൊടുത്തതോടെ പെണ്‍കുട്ടി ഈ ബന്ധത്തില്‍നിന്ന് പിന്മാറി. തന്റെ ഒരു കൂട്ടുകാരി ഇത്തരത്തില്‍ മറ്റൊരാളുടെ കെണിയില്‍പ്പെട്ടതായി പെണ്‍കുട്ടി പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന പീഡനവിവരം പുറത്തുവരുന്നത്.

യുവാവിന്റെ മൊബൈലില്‍ നിന്നാണ് പീഡനപരമ്പരയുടെ ചുരുളഴിയുന്നത്. ഇരുപതിലധികം പെണ്‍കുട്ടികളുടെയും യുവതികളുടെയും ചിത്രങ്ങളും വീഡിയോകളും പ്രത്യേക ഫോള്‍ഡറുകളിലാക്കി ഇയാള്‍ മൊബൈലില്‍ സൂക്ഷിച്ചിരുന്നു. ഇവയില്‍ മിക്കവരും പീഡനത്തിനിരയായിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന. മൊബൈല്‍ ശാസ്ത്രീയപരിശോധനകള്‍ക്കായി പൊലീസ് ഫൊറന്‍സിക് ലാബിലേക്ക് അയച്ചു. ഇയാളുടെ വലയില്‍പ്പെട്ട കൂടുതല്‍പേര്‍ ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Subscribe to MalayalamNewspress:

 

 
Loading...