പത്തനാപുരം: സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ‘സച്ചിന്‍ സണ്‍ ഓഫ് വിശ്വനാഥ്’ എന്ന സിനിമയുടെ, പത്തനാപുരത്തു നടന്നുവന്ന ചിത്രീകരണമാണ് അലങ്കോലമാക്കിയത്. വന്‍ തുക പിരിവ് ആവശ്യപ്പെട്ടെങ്കിലും നിര്‍മാതാവ് നല്‍കാന്‍ തയാറാകാത്തതാണ് കാരണമെന്നാണ് സൂചന.

പത്തനാപുരം പള്ളിമുക്കിലെ താലൂക്ക് ഓഫീസ് പരിസരത്തു തിങ്കളാഴ്ച രാവിലെ ചിത്രീകരണം നടക്കുന്നതിനിടെയാണു സംഭവം. പണം ആവശ്യപ്പെട്ട് പ്രവര്‍ത്തകരെത്തുകയായിരുന്നു. വന്‍ തുക പിരിവ് ആവശ്യപ്പെട്ടെങ്കിലും നിര്‍മാതാവ് നല്‍കിയില്ല. ഇതിന്റെ വിരോധത്തില്‍ കൊടിയുമായി എട്ടംഗ സംഘം ചിത്രീകരണം തടസപ്പെടുത്തുകയായിരുന്നു.

പന്ത്രണ്ടോളം താരങ്ങള്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ലൊക്കേഷനിലേക്ക് ഇരച്ചുകയറിയത്. ഷൂട്ടിങ് പൊതുജനത്തിനു തടസമാണെന്നു വാദിച്ചാണു തടസപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് ഷൂട്ടിങ് പൂര്‍ത്തിയാക്കാതെ സിനിമാസംഘം മടങ്ങി. ചിത്രീകരണസാധനങ്ങള്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ നശിപ്പിച്ചതായും ആക്ഷേപമുണ്ട്.

അഞ്ചു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി നിര്‍മാതാവ് പറഞ്ഞു. സംഭവത്തില്‍ എട്ട് യൂത്ത ്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ പത്തനാപുരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഒരു മാസമായി പത്തനാപുരം, പുനലൂര്‍ മേഖലകളിലായി സിനിമയുടെ ചിത്രീകരണം നടന്നുവരികയാണ്. ആദ്യമായാണ് ഇത്തരമൊരു അനുഭവമെന്നു സംവിധായകന്‍ പറഞ്ഞു. ധ്യാന്‍ ശ്രീനിവാസന്‍, രഞ്ജി പണിക്കര്‍, മണിയന്‍പിള്ള രാജു, അജു വര്‍ഗീസ്, ഹരീഷ് കണാരന്‍, രമേഷ് പിഷാരടി തുടങ്ങിയവരാണു ചിത്രത്തിലെ അഭിനേതാക്കള്‍.


 

 
Loading...